Wednesday, January 18, 2012

വേരില്‍ നിന്ന്....

ഹൃദയരക്തത്തിൽ മുക്കി,
സ്വപ്നങ്ങളുടെ ഏഴുവർണ്ണങ്ങൾ പശ്ചാത്തലമാക്കി
ജീവിതത്തിന്റെ താളുകളിലാണ്
എഴുതിത്തുടങ്ങിയത്...
ഏകാന്തതയായിരുന്നു തൂലിക..
ചിത്രശലഭങ്ങളും, മഴ മഞ്ഞായ് പൊഴിയുന്ന താഴ്വാരവും,
പ്രണയവും, വിരഹവുമെല്ലാം 
പുതിയ ചട്ടക്കൂട്ടിൽ പുഞ്ചിരിച്ചു നിന്നു..
ഭാവനയുടെ മഴ, മനസിന്റെ മുറ്റത്തെ
കല്ലുവെച്ച നുണകളെ അക്ഷരങ്ങളാക്കിക്കൊണ്ടിരുന്നു..
എഴുതിയ അക്ഷരങ്ങൾക്ക് ചെവിയോർത്തു,
ആത്മാവിന്റെ വിതുമ്പൽ‌ കേൾക്കുന്നുണ്ടോ?
ഓർമ്മകൾ പെയ്തു തോർന്നപ്പോൾ,
അവശേഷിച്ച കലക്കവെള്ളത്തിൽ,
കളിവഞ്ചിയോടിക്കാൻ കൂട്ടിരുന്നവൻ പറഞ്ഞു..
നിനക്ക് ദിശ തെറ്റുന്നു, നിന്റെയെഴുത്തിനും..
നിന്റെ ആത്മാവിനു തീ പിടിച്ചിരിക്കുന്നു..
വാക്കുകളിൽ വിരുന്നു വന്ന ചിത്രശലഭങ്ങളെ ആട്ടിപ്പായിച്ചു
വർണ്ണങ്ങളൊരുമിച്ച് കോരിയൊഴിച്ച് വെള്ളയാക്കി
പുതിയ ചിന്തകളാവാം ഇനി..
അല്പം വിഷം പുരട്ടിയാൽ വാക്കിന്റെ ശരം ലക്ഷ്യം കാണും
പിന്നെയെഴുതിയത് ഓടച്ചാലുകളെക്കുറിച്ചായിരുന്നു..
സമൂഹത്തിന്റെ തായ്‌വേരു ചികഞ്ഞ്
ചീഞ്ഞു നാറുന്ന സത്യങ്ങളുടെ ജഡം കുത്തിക്കീറി എഴുതി..
കാൽ‌വഴുതി വെള്ളത്തിൽ വീണ വഞ്ചിക്കാരനുറുമ്പിന്,
പിടിച്ചു കയറാൻ പ്രതീക്ഷയുടെ പച്ചില നുള്ളിയിട്ട്
അവൻ പിന്നേയും കളിയാക്കി..
കവിതയിൽ പ്രളയം ഉണ്ടാക്കാനാണൊ ശ്രമം?
നിന്റെ വാക്കുകൾ ചേർത്തു വെച്ച പെട്ടകം
ഭ്രാന്തൻ തിരകൾ അടിച്ചു തകർക്കും..
രക്ഷിക്കാൻ മത്സ്യകന്യകമാർ വരില്ല
അവരിപ്പോഴും മുക്കുവരുടെ പാട്ടിന്റെ ശീലിൽ കുരുങ്ങിക്കിടക്കുന്നു
നീ സ്വപ്നത്തിലാണ്,ഉണർന്നിട്ടെഴുതൂ..
ഇനിയെന്തെഴുതാൻ..?
വാക്കുകൾ ചിന്തയുടെ അറ്റത്തെ നീർമുത്ത് തിരഞ്ഞു..
മനസ്സൊന്നു കുലുക്കിക്കുടഞ്ഞിട്ടു
ഒന്നു രണ്ടക്ഷരക്കൂട്ടങ്ങൾ ചിതറിത്തെറിച്ചു
എല്ലാം ചേർത്തു വെച്ചവയ്ക്ക് ചെവിയോർത്തു..
കടലിന്റെ ഹുങ്കാരം കേൾക്കുന്നുണ്ടോ..?
ഒരു കപ്പൽ അകലെയെവിടെയോ തകർന്നുടയുന്നുണ്ടോ..?
ഇല്ല...
എന്റെ ആത്മാവിനൊപ്പം ഭാവനയ്ക്കും തീ പിടിച്ചിരിക്കുന്നു..
ദിശയിനിയും തെറ്റും മുമ്പേ,
അക്ഷരങ്ങളെ തിരഞ്ഞു പോണം..
ഹൃദയം മുറിച്ച രക്തത്തിൽ വിരൽ മുക്കി എഴുതണം..
ഓർമ്മകളുടെ മഴ പെയ്തു തോരും മുമ്പേ,
എഴുതിയ താളുകൾ കീറി നോഹയുടെ പെട്ടകം ഒരുക്കണം..
കള്ളങ്ങളുടെ കൂനനുറുമ്പുകളെ കപ്പിത്താന്മാരാക്കണം..
പിന്നെ, 
കണ്ണീരിറ്റുവീഴിച്ചാ പെട്ടകം തകർക്കണം..
ആഴിയുടെ ആഴങ്ങളിൽ,
ഊർദ്ധ്വശ്വാസം വലിക്കുന്ന ആത്മാവിനോട്
വീണ്ടും പുതിയ കവിതയ്ക്ക് വിഭവം തിരയാൻ പറയണം..
എഴുതണം...
പ്രാണൻ അകന്ന ജഡം പുഴുവരിക്കുമ്പോഴും..